ഒറ്റ നോട്ടത്തില്‍
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ തൂണേരി ബ്ലോക്കിൽ നാദാപുരം റവന്യൂ വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.44 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നാദാപുരം ഗ്രാമപഞ്ചായത്ത് നഗര സ്വഭാവമുള്ള ഒരു ഗ്രാമപഞ്ചായത്താണ്. കഴിഞ്ഞ കാനേഷുമാരി കണക്ക് പ്രകാരം 18700 പുരുഷന്മാരും 21530 സ്ത്രീകളുമാണുള്ളത്. 847 പേർ പട്ടികജാതി വിഭാഗത്തിലുമുണ്ട്. പഞ്ചായത്ത് പൊതുവെ വാണിജ്യ കാർഷിക മേഖലയാണ്. നല്ലൊരു വിഭാഗം പുരുഷന്മാർ വിദേശത്ത് ജോലി ചെയ്യുന്നവരാണ്. അതുകൊണ്ടുതന്നെ പഞ്ചായത്തിലെ കുടുംബങ്ങളുടെ പ്രധാന വരുമാനമാർഗ്ഗം വിദേശ നാണയമാണ്. ഉയർന്ന കുന്നിൻ പ്രദേശങ്ങളും ചരിവ് പ്രദേശങ്ങളും സമതലങ്ങളും ചേർന്നതാണ് പഞ്ചായത്തിന്റെ ഭൂപ്രകൃതി. പണ്ടുകാലത്ത് നെൽകൃഷി സുലഭമായിരുന്ന ഗ്രാമപഞ്ചായത്തിൽ ഇന്ന് നെൽവയലുകൾ കുനിപറമ്പുകളായി മാറിയിട്ടുണ്ട്. 22 ഹെക്ടർ നെൽവയൽ ഇപ്പോൾ തരിശായി കിടക്കുന്നുണ്ട്. തെങ്ങ് കൃഷിയും ഇടവിള കൃഷികളായി വാഴ, മരച്ചീനി, ചേമ്പ്, ചേന എന്നിവയും കൃഷി ചെയ്തുവരുന്നു. പണ്ടുകാലത്ത് കാർഷികവൃത്തിയാണ് കൂടുതൽ പേരും ചെയ്തിരുന്നതെങ്കിലും ഇപ്പോൾ ചെറുപ്പക്കാർ കൂടുതൽ നിർമാണ മേഖലയിലും മറ്റു പ്രവർത്തികളും ചെയ്തുവരുന്നു. വടക്ക് അതിർത്തി മാഹിപുഴയോട് ചേര്‍ന്നു നില്‍ക്കുന്നു . പഞ്ചായത്തിന്റെ മധ്യഭാഗത്ത് കൂടി തയ്യിൽ താഴെ പാറയിൽ പുളിക്കൂൽ കക്കംവള്ളി തോടും ഒഴുകുന്നു. ഒട്ടേറെ തോടുകളും,കിണറുകളും, കുളങ്ങളും ഉള്ളതുകൊണ്ട് പഞ്ചായത്തിൽ ജലലഭ്യത ആവശ്യത്തിനുണ്ട്.എന്നാലും വരള്‍ച്ചാപ്രദേശങ്ങളുമുണ്ട്.ഏറെ ജനസാന്ദ്രതയേറിയ പഞ്ചായത്താണ് നാദാപുരം. 22 വാർഡുകൾ ഉള്ള നാദാപുരം പഞ്ചായത്തിൽ വികസന പ്രവർത്തനം താഴെ തട്ടിൽ എത്തുന്നതിനു സഹായകമായ രീതിയിൽ ഗ്രാമസഭകള്‍ സജീവമാണ്.ഒപ്പം കൂടുതൽ കാര്യക്ഷമവും പ്രായോഗികവുമായ ഇടപെടലുകൾ നടത്തുന്നതിനുവേണ്ടി അയൽസഭകളും പ്രവർത്തിച്ചുവരുന്നു.എന്നാൽ അയൽസഭകൾക്ക് നിയമാവലിയോ ചട്ടക്കൂടോ ഇപ്പോൾ നിലവിലില്ല. പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിന് വേണ്ടി നിയമാവലിയും ചട്ടക്കൂടും ഉണ്ടാക്കുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നു .